‘ഗ്യാന്‍വാപിയെ പള്ളിയെന്ന് വിളിക്കുന്നത് ചരിത്രപരമായ തെറ്റ്’; യോഗി ആദിത്യനാഥ്
വാരണാസിയിലെ ഗ്യാന്‍വാപി വിഷയത്തില്‍ പ്രതികരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാന്‍വാപിയെ പള്ളിയെന്ന് വിളിക്കുന്നത് ചരിത്രപരമായ തെറ്റാണെന്ന് യോഗി പറഞ്ഞു. വിഷയത്തില്‍ സമാധാനമുണ്ടാകണമെങ്കില്‍ മുസ്ലീം വിഭാഗം തെറ്റ് സമ്മതിക്കണമെന്ന് യോഗി ആവശ്യപ്പെട്ടു.
ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ചരിത്രപരമായ പിഴവ് തിരുത്തി പരിഹാരത്തിനുള്ള നിര്‍ദേശം മുസ്ലീം വിഭാഗത്തില്‍ നിന്നുണ്ടാകണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഗ്യാന്‍വാപിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേയുമായി ബന്ധപ്പെട്ട് അലഹബാദ് കോടതിയുടെ വിധി വരാനിരിക്കെയാണ് യോഗിയുടെ പരാമര്‍ശം.
ഗ്യാന്‍വാപിയെ പള്ളിയെന്ന് വിളിച്ചാല്‍ വിവാദത്തിനും തര്‍ക്കത്തിനും ഇടയാക്കുമെന്ന് യോഗി പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം. അത് പള്ളിയാണെങ്കില്‍ അതിനകത്ത് എങ്ങനെയാണ് തൃശൂലം വന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഗ്യാന്‍വാപിയില്‍ ജ്യോതിര്‍ലിംഗവും വിഗ്രഹങ്ങളും ഉണ്ടെന്ന് യോഗി പറയുന്നു. വിഷയത്തില്‍ മുസ്ലീം വിഭാഗത്തിനോട് പരിഹാരത്തിന് ആവശ്യമുള്ള നിര്‍ദേശം മുസ്ലിംവിഭാഗത്തില്‍ നിന്നുണ്ടാകണമെന്ന യോഗിയുടെ അഭിപ്രായത്തെ അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് അംഗീകരിച്ചു. മുസ്ലീം വിഭാഗത്തിന് സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം നല്‍കാനുള്ള നല്ല അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു വാരണാസി കോടതിയില്‍ ഹര്‍ജി എത്തിയിരുന്നത്. വുദുഖാനയുടെ ജലധാരയുള്ള സ്ഥലത്ത് ഒഴികെ സര്‍വേ നടത്താനായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചിരുന്നത്.