പുരുഷവേഷത്തിൽ ഭർതൃമാതാവിനെ കൊന്നു; 28കാരി അറസ്റ്റിൽ
പുരുഷവേഷത്തിൽ ഭർതൃമാതാവിനെ കൊലപ്പെടുത്തിയ 28കാരി അറസ്റ്റിൽ. പുരുഷവേഷത്തിൽ തലയിൽ ഹെൽമറ്റ് ധരിച്ച് ഭർതൃമാതാവ് സീതാലക്ഷ്‌മിയെ കൊലപ്പെടുത്തിയ മരുമകൾ മഹാലക്ഷ്‌മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ തിങ്കളാഴ്ചയാണ് സംഭവം. തുളുകാക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖമേലിന്റെ ഭാര്യയാണ് സീതാലക്ഷ്മി. തിങ്കളാഴ്ച വൈകിട്ട് ഷണ്മുഖവേൽ വീട്ടിൽ എത്തിയപ്പോൾ ഭാര്യ രക്തത്തിൽ കുളിച്ച് കിടക്കുന്നതാതായി കണ്ടെത്തി. ഷണ്മുഖമേൽ സഹായത്തിനായി ഒച്ചവെച്ചപ്പോൾ മഹാലക്ഷ്‌മിയും ഓടിയെത്തിയിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ സീതാലക്ഷ്‌മി മരണപ്പെടുകയായിരുന്നു.
സീതാലക്ഷ്‌മിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കവരാനെത്തിയ അജ്ഞാതരാണ് ഇവരെ ആക്രമിച്ചതെന്ന് മഹാലക്ഷ്‌മി ആദ്യ ഘട്ടത്തിൽ പൊലീസിനു മൊഴിനൽകി. എന്നാൽ, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മഹാലക്ഷ്‌മി കുടുങ്ങുകയായിരുന്നു. ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ച്, തലയിൽ ഹെൽമറ്റ് ധരിച്ചാണ് മഹാലക്ഷ്‌മി ഭർതൃമാതാവിനെ ആക്രമിച്ചത്. ഭർത്താവിന്റെ വസ്ത്രം ധരിച്ചാണ് മഹാലക്ഷ്മി ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. മഹാലക്ഷ്മിയും സീതാലക്ഷ്മിയും തമ്മിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന അയൽവാസികളുടെ മൊഴി അന്വേഷണത്തിൽ നിർണായകമായി.