ലക്ഷ്യം 2024; തെരഞ്ഞെടുപ്പ് പടക്കളത്തിലേക്ക് രാജസ്ഥാന്‍
ഒരിക്കലുമവസാനിക്കാത്ത രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തീരാപ്രശ്‌നങ്ങള്‍ക്ക് ഇത്തവണയും മുടക്ക് വന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയമായതിനാല്‍ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്ങ്ങള്‍ നേതൃത്വം പരിഹരിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും വ്യക്തമാക്കിക്കഴിഞ്ഞു.
ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എക്കാലത്തും ഏറെ പ്രാധാന്യമുള്ള ഗുജ്ജര്‍ സമുദായത്തിലേക്ക് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ മാസം സന്ദര്‍ശനം നടത്തിയിരുന്നു. സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 9 മുതല്‍ 12 ശതമാനം വരെ ഗുജ്ജറുകള്‍ക്ക് സ്വാധീനമുണ്ട്. കിഴക്കന്‍ രാജസ്ഥാനിലെ 40 മുതല്‍ 50 വരെ നിയമസഭാ സീറ്റുകളില്‍ പ്രാധാന്യമുള്ളവരാണ് ഈ വിഭാഗം. കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായക വോട്ട് ബാങ്കാണ് ഗുജ്ജറുകള്‍.
എന്നാല്‍ എക്കാലത്തെയും പോലെ തന്നെ ഇത്തവണയും വിമത പ്രതിസന്ധി കോണ്‍ഗ്രസിനെ പരീക്ഷിക്കുന്നുണ്ട്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കിടെ ഐക്യത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ല.
അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണതന്ത്രങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം ആളുകളെ നേരിട്ട് പങ്കെടുപ്പിച്ചുകൊണ്ടുള്ള സാമൂഹിക ക്ഷേമപദ്ധതികള്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്ലാന്‍ ചെയ്തുകഴിഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ചിരഞ്ജീവി ബീമാ യോജന, ആരോഗ്യാവകാശ ബില്‍, നഗരപ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ പദ്ധതി, കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, വൈദ്യുതി, ഗ്യാസിന് സബ്‌സിഡികള്‍ എന്നിവയും ക്ഷേമ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു.
ഇതുവരെ സര്‍ക്കാര്‍ നടപ്പിലാക്കിയ സാമൂഹ്യ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഫീഡ്ബാക്ക് എടുക്കുകയാണ് ഭരണപക്ഷം.
ഒരുമുഴം മുന്നേ എറിഞ്ഞ് ബിജെപി
രാജസ്ഥാനില്‍ ബിജെപിയുടെ കോര്‍ ഗ്രൂപ്പ് യോഗം ഏപ്രില്‍ രണ്ടിന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോര്‍ ഗ്രൂപ്പ് യോഗം ചേരുന്നത് പ്രാധാന്യത്തോടെയാണ് സംസ്ഥാനനേതൃത്വം പരിഗണിക്കുന്നത്. അടുത്ത മൂന്ന് മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ കണ്ടുള്ള പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും. സംസ്ഥാന അധ്യക്ഷനെ മാറ്റിയതിന് ശേഷമുള്ള ബിജെപിയുടെ ആദ്യ പ്രധാന യോഗമാണിത്. സതീഷ് പൂനിയയ്ക്ക് പകരം ചന്ദ്രപ്രകാശ് ജോഷിയെയാണ് പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയെ അസമിലെ ഗവര്‍ണറായും നിയമിച്ചു. നേതാക്കളുടെ സന്ദര്‍ശനം മുതല്‍ കേന്ദ്രമന്ത്രിമാരുടെ പരിപാടികള്‍ വരെ ഗ്രൂപ്പ് യോഗത്തില്‍ തീരുമാനിക്കും. പരീക്ഷാപേപ്പര്‍ ചോര്‍ച്ചയും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും ഉയര്‍ത്തി ഗെഹ്ലോട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിടുകയാണ് ബിജെപി.
ആരോഗ്യബില്‍ പ്രതിസന്ധി
സംസ്ഥാനത്ത് സര്‍ക്കാരിന്റെ ആരോഗ്യ ബില്ലിനെതിരെ രൂക്ഷമായി എതിര്‍പ്പാണ് ഉയരുന്നത്. ഇതും തെരഞ്ഞെടുപ്പില്‍ ഉയര്‍ക്കാട്ടിയാകും പ്രതിപക്ഷത്തിന്റെ പ്രചാരണതന്ത്രങ്ങള്‍. ആരോഗ്യബില്ലിനെതിരെ ഡോക്ടര്‍മാര്‍ ഒന്നടങ്കം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തണമെന്നും ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും സച്ചിന്‍ പൈലറ്റ് എംഎല്‍എ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് രാജസ്ഥാന്‍ ആരോഗ്യാവകാശ ബില്‍ പാസാക്കിയത്. ഓരോ വ്യക്തിക്കും സൗജന്യ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്‍ര് സേവനങ്ങളും എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സേവനങ്ങളും നല്‍കുന്നതാണ് ബില്‍. ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍.