Sunday, April 13, 2025
National

വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ

വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ദുബൈയിൽ നിന്നും നെടുമ്പാശേരിയിലേക്കുളള സ്പൈസ് ജെറ്റ് വിമാനം പറക്കുന്നതിനിടെയാണ് സുകുമാരൻ ശുചി മുറിയിൽ കയറി സിഗരറ്റ് വലിച്ചത്. പൊലീസിന് ലഭിച്ച വിവരം പ്രകാരം, ശുചിമുറിയിൽ നിന്ന് പുറത്തേക്ക് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട വിമാന അധികൃതരാണ് പുകവലിച്ച കാര്യം കണ്ടെത്തിയത്. തുടർന്ന് ഇക്കാര്യം വിമാനത്താവള സുരക്ഷാ ഓഫിസർമാരെ അറിയിക്കുകയും, വിമാനം ലാൻഡ്് ചെയ്ത ഉടൻ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുകുമാരന്റെ പക്കൽ നിന്ന് സിഗരറ്റും പിടിച്ചെടുത്തിട്ടുണ്ട്.

എയർക്രാഫ്റ്റ് ആക്ട് സെക്ഷൻ 11എ, 5എ പ്രകാരവും കേരളാ പൊലീസ് ആക്ട് സെക്ഷൻ 118(ഇ) പ്രകാരവുമാണ് സുകുമാരനെതിരെ കേസെടുത്തിരിക്കുന്നത്. ഫ്‌ളൈറ്റിനകത്ത് പുകവലിക്കുന്നത് വലിയ അപകടം വിളിച്ച് വരുത്തുമെന്നും തീ പിടുത്തത്തിന് വരെ സാധ്യതയുണ്ടെന്ന് ഐയാട്ട ഏജന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ അധ്യക്ഷൻ ബിജി ഈപ്പൻ പറഞ്ഞു. അതുകൊണ്ട് തന്നെ ഫ്‌ളൈറ്റിൽ പുകവലിക്കുന്നത് രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ബിജി ഈപ്പൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *