Thursday, January 2, 2025
National

കോവാക്‌സിന് അംഗീകാരം നല്‍കുന്ന കാര്യം; 24 മണിക്കൂറിനുള്ളില്‍ തീരുമാനം: ലോകാരോഗ്യ സംഘടന

ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച്‌ ലോകാരോഗ്യ സംഘടനയുടെ തീരുമാനം 24 മണിക്കൂറിനുള്ളില്‍ ഉണ്ടാവുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കോവാക്സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ക്കായി സാങ്കേതിക ഉപദേശ സമിതി ഒക്ടോബര്‍ 26ന് യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

എല്ലാം ശരിയായി നടന്നാല്‍, ലോകാരോഗ്യ സംഘടനാ സമിതിക്ക് പരിശോധനയില്‍ കാര്യങ്ങള്‍ തൃപ്തികരമാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അംഗീകാരം സംബന്ധിച്ച തീരുമാനം അറിയാന്‍ സാധിക്കുമെന്ന് കരുതുന്നതായി ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പ്രതികരിച്ചു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കോവാക്സിന് ഉത്പാദകരായ ഭാരത് ബയോടെകില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകിയത്. കോവാക്സിന്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.

കോവാക്സിന്‍ സംബന്ധിച്ച്‌ അധിക വിവരങ്ങള്‍ അതിന്റെ നിര്‍മാതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. കോവാക്സിന്റെ അംഗീകാരത്തിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. എന്നാല്‍ അതത് പ്രക്രിയകളും പരിശോധനകളും കഴിയാതെ, വാക്സിന്‍ സുരക്ഷിതമാണെന്ന് വിലയിരുത്താതെ അംഗീകാരം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

കോവാക്സിന്‍ വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകാണ്. ഇന്‍ഡ്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിന് ഇപ്പോഴും അംഗീകാരമില്ല.

Leave a Reply

Your email address will not be published. Required fields are marked *