പാട്ടക്കരാറിന് 135 വയസ്; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത് ചരിത്രദിനത്തില്‍
മുല്ലപ്പെരിയാറില്‍നിന്ന് സ്പില്‍വേ ഉയര്‍ത്തി ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കിയത് ചരിത്രദിനത്തില്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ഒക്ടോബര്‍ 29 സുപ്രധാനമാണ്. പെരിയാര്‍ നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിച്ച് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായുള്ള പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവച്ചത് 1886 ഒക്ടോബര്‍ 29ന് ആയിരുന്നു.
തിരുവിതാംകൂറിനു വേണ്ടി ദിവാന്‍ വി രാമയ്യങ്കാറും മദ്രാസ് പ്രസിഡന്‍സിക്ക് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിങ്ഡണുമാണ് കരാറില്‍ ഒപ്പുവച്ചത്. പെരിയാര്‍ നദി മുല്ലയാറുമായി സംഗമിച്ചശേഷം പത്ത് കിലോമീറ്റര്‍ താഴെയാണ് അണക്കെട്ട് നിര്‍മിച്ചത്. 155 അടി ഉയരത്തില്‍ നിര്‍മിച്ച അണക്കെട്ടിലെ വെള്ളം സംഭരിക്കുന്നതിനായി എണ്ണായിരം ഏക്കര്‍ വനഭൂമിയും പാട്ടത്തിന് നല്‍കി. ഇതിനുപുറമെ അണക്കെട്ട് നിര്‍മിക്കുന്നതിന് 100 ഏക്കറും നല്‍കി.