Tuesday, January 7, 2025
Health

കാന്‍സറിനെ തുടര്‍ന്ന് അണ്ഡാശയം നീക്കം ചെയ്ത സ്ത്രീ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ രണ്ട് വര്‍ഷം കഴിഞ്ഞ് കുഞ്ഞിന് ജന്മം നല്‍കി

 

കൊച്ചി: അണ്ഡാശയത്തില്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭര്‍ത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്‌നം മാത്രമാകുമെന്നായിരുന്നു കരുതിയിരുന്നത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയങ്ങള്‍ നീക്കം ചെയ്യേണ്ടി വരുമെന്ന് രേഷ്മയെ ചികിത്സിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അവരത് ഉറപ്പിച്ചു. എന്നാല്‍ ഇവരുടെ ആഗ്രഹം അറിഞ്ഞ ഡോക്ടര്‍മാര്‍  അതിനൊരു പ്രതിവിധി നിര്‍ദ്ദേശിച്ചു. അങ്ങനെ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച രേഷ്മ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ  രണ്ട് വര്‍ഷത്തിന് ശേഷം കുഞ്ഞിന് ജന്മം നല്‍കി.

2018-ലാണ് അങ്കമാലി സ്വദേശി 28 കാരിയായ രേഷ്മ കടുത്ത വയറു വേദനയുമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിയത്. സ്‌കാനിങ്ങില്‍ രണ്ട് അണ്ഡാശയങ്ങളിലും നിരവധി സിസ്റ്റുകള്‍ കണ്ടെത്തി. മാലിഗ്നന്റ് സ്ട്രുമ ഓവറൈ എന്ന അത്യപൂര്‍വ തരം കാന്‍സര്‍ മൂലമായിരുന്നു അണ്ഡാശയത്തിലെ സിസ്റ്റുകള്‍. കാന്‍സര്‍ അപ്പോള്‍ തന്നെ രേഷ്മയുടെ വയറിലാകെ പടര്‍ന്നിരുന്നു. അണ്ഡാശയങ്ങള്‍ക്ക് പുറമേ തൈറോയ്ഡ് ഗ്രന്ഥി, അപ്പെന്‍ഡിക്‌സ് എന്നിവ നീക്കം ചെയ്ത് അയഡിന്‍ തെറാപ്പി ചികിത്സയാണ് ഡോക്ടര്‍മാര്‍ രേഷ്മയ്ക്ക് നിര്‍ദ്ദേശിച്ചത്.

അണ്ഡാശയങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞാല്‍ പിന്നെ രേഷ്മയ്ക്ക് ഗര്‍ഭം ധരിക്കാനാകില്ല എന്ന കാര്യം ബോധ്യപ്പെട്ടതോടെയാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ഫ്രോസണ്‍ എംബ്രിയോ ഉപയോഗിച്ച് ഗര്‍ഭധാരണം നടത്താന്‍ തീരുമാനിച്ചത്. അണ്ഡാശയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ രേഷ്മയുടെ അണ്ഡം പുറത്തെടുത്ത് ഐവിഎഫ്, ഐസിഎസ്‌ഐ രീതികളിലൂടെ ഭര്‍ത്താവിന്റെ ബീജവുമായി സങ്കലനം നടത്തി ഭ്രൂണത്തെ പിന്നീട് ഉപയോഗിക്കുന്നതിനായി ശീതീകരിച്ച് സൂക്ഷിക്കുക എന്നതായിരുന്നു അത്. അണ്ഡാശയത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ രോഗഗ്രസ്ഥമല്ലാതെ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് തന്നെ പ്രക്രിയ അത്ര എളുപ്പമായിരുന്നില്ലെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റും ഐവിഎഫ് വിഭാഗം മേധാവിയുമായ ഡോ. ഷമീമ അന്‍വര്‍സാദത്ത് പറഞ്ഞു. ഇത്തരം കാന്‍സറുകളില്‍ സമാനമായ കേസുകള്‍ക്കായി മെഡിക്കല്‍ ജേണലുകള്‍ എല്ലാം തന്നെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും അവര്‍ വ്യക്തമാക്കി.

10 ദിവസത്തെ ചികിത്സയെ തുടര്‍ന്ന് ലഭിച്ച അണ്ഡങ്ങള്‍ ഐസിഎസ്‌ഐ പ്രക്രിയയ്ക്ക് ശേഷം ഭ്രൂണങ്ങളായി വികസിപ്പിച്ച് ശീതീകരിച്ച് സൂക്ഷിച്ചു. അടുത്ത ദിവസം തന്നെ രേഷ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും തുടര്‍ന്ന് ആറ് മാസം നീളുന്ന അയഡിന്‍ ചികിത്സ ആരംഭിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം കാന്‍സര്‍ മുക്തമായി ഒന്നര വര്‍ഷത്തിന് ശേഷം ഹോര്‍മോണുകളുടെ അഭാവം മൂലം രേഷ്മയുടെ ഗര്‍ഭപാത്രം ആര്‍ത്തവവിരാമ ഘട്ടത്തിലെ വലിപ്പത്തിലേക്ക് ചുരുങ്ങിയിരുന്നു. ഹോര്‍മോണ്‍ ചികിത്സയിലൂടെ ഗര്‍ഭപാത്രം സാധാരണ നിലയിലായതിന് ശേഷമാണ് രണ്ട് ഭ്രൂണങ്ങള്‍ അതിലേക്ക് മാറ്റിയത്. 2021 ഏപ്രില്‍ 10-ന് രേഷ്മ ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഓങ്കോളജി, എന്‍ഡോക്രൈനോളജി, ന്യുക്ലിയര്‍ മെഡിസിന്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരാണ് രേഷ്മയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

ചെറുപ്രായത്തിലുള്ള കാന്‍സറുകള്‍ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മിക്ക കാന്‍സറുകളും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. എന്നാല്‍ കാന്‍സര്‍ ചികിത്സ പലപ്പോഴും പ്രത്യുല്‍പാദനശേഷിയെ ദോഷകരമായി ബാധിക്കാം. അതുകൊണ്ട് തന്നെ കാന്‍സര്‍ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് പ്രത്യുല്‍പാദന ശേഷി നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ മനസിലാക്കുകയും തക്ക സമയത്ത് കൃത്യമായ തീരുമാനം എടുക്കുന്നതും പിന്നീടുള്ള ജീവിതത്തില്‍ വലിയൊരു മുതല്‍ക്കൂട്ടാകുമെന്നും ഡോ. ഷമീമ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *