വെള്ളം ചോദിച്ച ഭിന്നശേഷിക്കാരന് പിആർഡി ജവാൻമാരുടെ മർദ്ദനം
ഉത്തർപ്രദേശിൽ വെള്ളം ചോദിച്ച ഭിന്നശേഷിക്കാരന് പിആർഡി ജവാൻമാരുടെ മർദ്ദനം. രാത്രി ഡ്യൂട്ടിക്കിടെ രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് യുവാവിനെ മർദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഡിയോറിയ ജില്ലയിലെ രുദ്രപൂർ കോട്‌വാലിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രുദ്രാപൂർ ടൗണിലെ ആദർശ് ചൗക്കിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്. ഭിന്നശേഷിക്കാരനായ സച്ചിൻ സിംഗ്(26) എന്ന യുവാവിനാണ് പ്രാന്ത്യ രക്ഷക് ദൾ (പിആർഡി) ജവാൻമാരുടെ മർദ്ദനവും അധിക്ഷേപവും ഏൽക്കേണ്ടി വന്നത്. ട്രൈ സൈക്കിളിൽ എത്തിയ യുവാവിനെ ഹോം ഗാർഡുകൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചതായി ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ രവീന്ദ്രകുമാർ അറിയിച്ചു. പിആർഡി ജവാന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്പി സങ്കൽപ് ശർമ്മ വ്യക്തമാക്കി. ആരോപണവിധേയരായ പിആർഡി ജവാൻമാരായ രാജേന്ദ്ര മണി, അഭിഷേക് സിംഗ് എന്നിവരെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.