Wednesday, April 16, 2025
National

ദക്ഷിണ കന്നഡയിൽ സംഘർഷ സാധ്യത തുടരുന്നു; 8 ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ

ദക്ഷിണ കന്നഡയിലെ സംഘർഷ സാധ്യതാ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുമ്പോഴും സംഘർഷങ്ങൾക്ക് അയവില്ല. 8 ദിവസത്തിനിടെ മൂന്ന് യുവാക്കളാണ് ഇവിടെ കൊല്ലപ്പെട്ടത്. എന്നിട്ടും കൊലപാതക സംഘങ്ങളെ പിടികൂടാൻ പൊലീസിനിതുവരെ കഴിഞ്ഞിട്ടില്ല. സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടിയിരിക്കുകയാണ്.

കൊലപാതകങ്ങൾ നടന്ന പ്രദേശങ്ങളിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സാമുദായിക സംഘർഷ സാധ്യതാ മേഖലകളിൽ സുരക്ഷക്കായി ഉന്നത പൊലീസ് സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്.സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. അതേസമയം, യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ എൻഐഎയ്ക്ക് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചു. പ്രതികളുടെ കേരളാ ബന്ധം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് വ്യക്തമാക്കിയിരുന്നു. അതേസമയം സൂറത്കലിൽ വെട്ടേറ്റുമരിച്ച ഫാസിലിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള 13 പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Read Also: മംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പൊലീസ്; നഗരത്തിൽ നിരോധനാജ്ഞ

യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതത്തെ തുടർന്ന് പ്രദേശത്ത് സംഘർഷ സാധ്യത നിലനിന്നിരുന്നു. നിരോധനാജ്ഞയടക്കം പ്രഖ്യാപിച്ചിട്ടും രണ്ടാമത്തെ ദാരുണ സംഭവവും ഉണ്ടായി. മുഖം മൂടി അണിഞ്ഞ് വെളുത്ത് ഹ്യൂണ്ടായ് കാറിലെത്തിയ നാലംഗ സംഘമാണ് കഴിഞ്ഞ ദിവസം രാത്രി ഫാസിലിനെ വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.ഫാസിലിനെ കൊലപ്പെടുത്തിയവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക പ്രവര്‍ത്തകരുമായി അടുപ്പമുള്ള ആളായിരുന്നു 23 കാരനായ ഫാസില്‍. അതേസമയം കേരള അതിർത്തികളിൽ പരിശോധന വർധിപ്പിച്ചതായി കമ്മിഷണർ അറിയിച്ചു. രാത്രി 10 മണിക്ക് ശേഷം അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ. മറ്റ് വാഹനങ്ങൾ പിടിച്ചെടുക്കാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *