Saturday, April 12, 2025
National

ജമ്മുവില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം: സുരക്ഷാ സൈന്യം വെടിയുതിര്‍ത്തതോടെ അപ്രത്യക്ഷമായി; അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണിന്റെ സാന്നിധ്യം. സാംബയിലെ അന്തരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സുരക്ഷാ സ്ഥാപനങ്ങള്‍ക്ക് മുകളിലും ജമ്മു-പത്താന്‍കോട്ട് ഹൈവേ എന്നിവിടങ്ങളിലായി മൂന്നിടങ്ങളിലാണ് ഡ്രോണ്‍ കണ്ടതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

ബിഎസ്എഫിന്റെ പതിവ് തെരച്ചിലുകള്‍ക്കിടിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ബിഎസ്എഫ് ജവാന്മാര്‍ ഡ്രോണുകള്‍ക്ക് നേരെ വെടിവച്ചു ഇതോടെ അപ്രത്യക്ഷമായി. ഡ്രോണുകള്‍ പാക്കിസ്ഥാന്‍ ഭാഗത്തേക്ക് മടങ്ങി എന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മുവിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകള്‍ ഉപയോഗിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം 27 ന് ജമ്മു എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ഭീകരര്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം ജമ്മുവിലും പരിസരപ്രദേശങ്ങളിലും നിരവധി തവണയാണ് ഡ്രോണുകളെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 23 ന് അഖ്‌നൂര്‍ സെക്ടറില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ചൈനീസ് നിര്‍മിത ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടിരുന്നു. നേരത്തേ ജമ്മുവിലെ ഹിരാനഗര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപവും ആയുധങ്ങള്‍ ഉണ്ടായിരുന്ന ഡ്രോണ്‍ സൈന്യം തകര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *