Monday, March 10, 2025
Kerala

ബൈക്കില്‍ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോവും വഴി വാഹനാപകടം; യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: കോഴിക്കോട്- പാലക്കാട് ദേശീയപാത വട്ടമ്പലം വളവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കീഴിശ്ശേരി പള്ളിക്കുന്നത്ത് വീട്ടില്‍ സാലാഹുദ്ദീന്റെ മകന്‍ ഷാഹിം (19) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലി റഹിം പരിക്കുകളോടെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പ്ലസ്ടു ഫലം അറിഞ്ഞതിനുശേഷം വിനോദയാത്രയ്ക്കായി ബൈക്കില്‍ കൊടൈക്കനാലിലേക്ക് പോവുംവഴിയാണ് ഷാഹിമും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലി റഹീമും അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഉടനെ ഇരുവരെയും ആദ്യം വട്ടമ്പലത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പാലക്കാട് കോഴിക്കോട് ദേശീയപാതാ വികസനം പൂര്‍ത്തിയാകാത്ത വട്ടമ്പലം അപകടം പതിയിരിക്കുന്ന വളവായി മാറിക്കൊണ്ടിരിക്കുകയാണ്.

എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാതെ വരുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ഈ ഭാഗത്ത് മാത്രം നിര്‍മാണം വൈകുന്നതും അപകടത്തിന് കാരണമാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെയുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരണപ്പെട്ടിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറി ദിവസങ്ങള്‍ക്കു മുമ്പ് ഈ വളവില്‍ മറിഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *