ആം ആദ്മി അധികാരത്തിലെത്തിയാൽ ഡല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും നല്‍കും: അരവിന്ദ് കെജ്‌രിവാള്‍
ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലെ ജലന്ധറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാതില്‍പ്പടി സേവനവും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും പഞ്ചാബില്‍ പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു.
മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും എന്നാല്‍ അത് ആരെയും ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടാകരുതെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഓരോ വ്യക്തിയുടെയും സ്വകാര്യതയുടെ ഭാഗമാണ് മതം. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരം ആരാധന നടത്താന്‍ അവകാശമുണ്ട്. എന്നാല്‍ നിര്‍ബന്ധിച്ചോ ഭയപ്പെടുത്തിയോ മതപരിവര്‍ത്തനം ചെയ്യുന്നത് തെറ്റാണ് -കെജ്‌രിവാള്‍ പറഞ്ഞു. ഫെബ്രുവരി 20 നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.