കാർഷിക നിയമങ്ങൾ ഒന്നര വർഷം മരവിപ്പിക്കാം, കർഷകരുമായി ചർച്ചക്കും തയ്യാർ: പ്രധാനമന്ത്രി
കർഷകരുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കർഷകരുടെ ഏത് വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. തുറന്ന സമീപനമാണ് സർക്കാരിനുള്ളതെന്നും പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ പറഞ്ഞു
കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞതു തന്നെയാണ് തനിക്കും ആവർത്തിക്കാനുള്ളത്. കർഷകർ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏത് സമയത്തും കർഷകർക്ക് സർക്കാരിനെ സമീപിക്കാം. ഒന്നര വർഷത്തേക്ക് കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്.
ചർച്ചകളിലൂടെ വേണം പ്രശ്‌നപരിഹാരമുണ്ടാകാൻ. രാജ്യത്തിന്റെ നന്മയെ കുറിച്ച് വേണം ആലോചിക്കാനെന്നും മോദി പറഞ്ഞു. അതേസമയം കർഷക സമരത്തെ നേരിട്ട രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ വിമർശിച്ചു. സമരം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷം യോഗത്തിൽ ആവശ്യപ്പെട്ടു.