Sunday, January 5, 2025
National

ഒമിക്രോണ്‍ ഭീതിയില്‍ ലോകരാജ്യങ്ങള്‍; അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാനദണ്ഡം പുതുക്കി. കൊവിഡ് പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ റിസ്‌ക്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും.

എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രയ്ക്ക് മുന്‍പുള്ള 14 ദിവസത്തെ യാത്രാവിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം നല്‍കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നല്‍കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം. കൊവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലില്‍ കൊവിഡ് പരിശോധന നടത്തണം. കൊവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല.

12 രാജ്യങ്ങളാണ് റിസ്‌ക്ക്  പട്ടികയിലുള്ളത്. ഗൾഫ് രാജ്യങ്ങൾ പട്ടികയിലില്ല. ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, , ബ്രസീൽ, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംഗപ്പൂർ, സിംബാബ്‌വേ, ഹോങ്കോങ്, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് റിസ്ക് രാജ്യങ്ങളുടെ പട്ടികയിലുള്ളത്. അതേസമയം ഒമിക്രോണിനെ നേരിടുന്നതിന് മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *