എട്ടാം ക്ലാസുകാരിയെ സഹപാഠികളും പ്രധാനാധ്യാപകനും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; ഒരാൾ പിടിയിൽ
ബീഹാറിൽ 14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകൻ പിടിയിൽ. ബീഹാറിലെ കൈമൂർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 8ആം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സഹപാഠികൾ കടന്നുകളഞ്ഞു. തുടർന്ന് അവിടെയെത്തിയ പ്രധാനാധ്യാപനും കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
മലവിസർജനത്തിനായി പുറത്തേക്കിറങ്ങുമ്പോഴാണ് 4 സഹപാഠികൾ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് സംഘം ബലാത്സംഗം ചെയ്തു. ഈ സമയത്താണ് പ്രധാനാധ്യാപകൻ സുരേന്ദ്ര കുമാർ ഭാസ്കർ ദൃശ്യം കാണുന്നത്. ഇയാളെ കണ്ട സഹപാഠികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പിന്നാലെ പ്രധാനാധ്യാപകനും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാളും സ്ഥലം വിട്ടു. അല്പ സമയത്തിനു ശേഷം നിലത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന നിലയിൽ കുട്ടിയെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിലായി. മറ്റ് 4 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.