അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 46കാരനെ സ്ത്രീകൾ ചേർന്ന് തല്ലിക്കൊന്നു
ത്രിപുരയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 46കാരനെ സ്ത്രീകൾ തല്ലിക്കൊന്നു. ധലായ് ജില്ലയിൽ ഗണ്ഡചേര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം പ്രദേശത്ത് പ്രാർഥനക്കെത്തിയ കുട്ടിയെ ഇയാൾ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നു
നിലവിളി കേട്ടെത്തിയ നാട്ടുകാർ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് ഒരു സംഘം സ്ത്രീകൾ ഇയാളെ പിടികൂടിയതും മരത്തിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയതും. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പോലീസ് എത്തി പ്രതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. കൊലക്കേസിൽ എട്ട് വർഷം തടവുശിക്ഷ അനുഭവിച്ചയാളാണ് പ്രതി.