Wednesday, January 8, 2025
National

ഒമിക്രോൺ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ, ആഫ്രിക്കയിലേക്ക് പ്രവേശന വിലക്കും

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ നേരിടാൻ കൂടുതൽ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ. നെതർലാൻഡ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി. അമേരിക്ക എട്ട് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തി.

നെതർലാൻഡിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ പതിമൂന്ന് പേരിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയിരുന്നു. ഇതോടെ നെതർലാൻഡിൽ ആഘോഷ പരിപാടികൾക്കും ഒത്തുചേരലിനും നിയന്ത്രണം ഏർപ്പെടുത്തി. യുകെയിൽ മൂന്നാമത്തെ ആൾക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര നിരോധിച്ചുു

വിദേശത്ത് നിന്നെത്തുന്നവർക്ക് യുകെയിൽ പരിശോധനയും ക്വാറന്റൈനും നിർബന്ധമാക്കി. ജർമനിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരാളെ നിരീക്ഷണത്തിലാക്കി. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ് വെ, നമീബിയ, ഹോങ്കോംഗ്, ഇസ്രായേൽ, ബെൽജിയം എന്നിവിടങ്ങളിലും ഒമിക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കാനഡ, സൈപ്രസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേർപ്പെടുത്തി. ദക്ഷിണാഫ്രിക്കയും ഹോളണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര മാറ്റിവെച്ചു. യുഎഇ ഒമിക്രോൺ ബാധിത രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി.
 

 

Leave a Reply

Your email address will not be published. Required fields are marked *