മയക്കുമരുന്ന് കേസ്: ഭാരതി സിംഗിനും ഭർത്താവിനുമെതിരെ എൻസിബി കുറ്റപത്രം സമർപ്പിച്ചു
ഹാസ്യതാരം ഭാരതി സിംഗിനും ഭർത്താവ് ഹർഷ് ലിംബാച്ചിയ്ക്കും കുരുക്ക് മുറുകുന്നു. മയക്കുമരുന്ന് കേസിൽ ദമ്പതികൾക്കെതിരെ മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മയക്കുമരുന്ന് കേസിൽ 2020 ൽ ദമ്പതികൾ അറസ്റ്റിലായിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ്.
200 പേജുള്ള കുറ്റപത്രമാണ് എൻസിബി കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. 2020 അവസാനത്തോടെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഭാരതിയെയും ഹർഷിനെയും അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ 86.50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചതായി എൻസിബി അവകാശപ്പെട്ടിരുന്നു.
പിന്നീട് ഇരുവരും ജാമ്യത്തിൽ പുറത്തിറങ്ങി. പ്രോസിക്യൂഷൻ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് അന്ന് എൻസിബി ആരോപിച്ചിരുന്നു. 2020ൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം മയക്കുമരുന്ന് കേസിൽ എൻസിബി കർശന നടപടി സ്വീകരിച്ചിരുന്നു. റിയ ചക്രവർത്തിയെ കൂടാതെ സഹോദരൻ ഷൗവിക്ക്, ഭാരതി, ഹർഷ് മുതൽ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, ദീപിക പദുക്കോൺ, രാകുൽ പ്രീത് തുടങ്ങിയ നടിമാരെയും ഈ കേസിൽ ചോദ്യം ചെയ്തിരുന്നു.