മഹാരാഷ്ട്രയിൽ പേമാരി; 17 മരണം, മുംബൈയിൽ കനത്ത മഴ തുടരുന്നു
ഗുലാബ് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 17 പേർ മരിച്ചു. വരൾച്ച സാധ്യതയുള്ള മാറാത്തവാഡയിലാണ് 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബുധനാഴ്ച കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. പേമാരിയിലും തുടരുണ്ടായ മഴക്കെടുതിയിലും മഹാരാഷ്ട്രയിലെ മാറാത്തവാഡ മേഖലയിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഗുലാബ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള കനത്ത മഴ മഹാരാഷ്ട്രയിലുമെത്തിയതോടെ വിദർഭ, മറാത്ത്‌വാഡ പ്രദേശങ്ങളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. യവത്മലിൽ ഒരു എം.എസ്.ആർ.ടി.സി. ബസ് വെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട സംഭവത്തിൽ 4 യാത്രക്കാർ മരിച്ചു. രണ്ട് യാത്രക്കാരെ രക്ഷപ്പെടുത്തി. ബസ് ഉമർഖെഡ് താലൂക്കിൽ പാലം കടക്കുന്നതിനിടയിലാണ് ശക്തമായ ഒഴുക്കിൽ 50 അടിയോളം ദൂരേയ്ക്ക് ഒഴുകിപ്പോയത്.
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. നഗരത്തിൽ ചൊവ്വാഴ്ച ഓറഞ്ച് അലേർട്ടും താനെ, പാൽഘർ, നാസിക് ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. എന്നാൽ കാര്യമായ വെള്ളക്കെട്ട് എവിടെയും രൂപപ്പെട്ടില്ല.
ലോക്കൽ ട്രെയിനുകൾ തടസ്സമില്ലാതെ ഓടി. ബെസ്റ്റ് ബസ്സുകളും ചില റൂട്ടുകളിലൊഴികെ തടസ്സപ്പെട്ടില്ല. മുംബൈയിൽ കാലത്ത് എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ 68 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ലാത്തൂരിൽ വെള്ളത്തിൽ ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിക്കേണ്ടി വന്നു. ഇവിടെ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മാഞ്ച്‌റ നദിക്കരകളിൽ ജീവിക്കുന്ന 40 ഓളം പേരും ഇക്കൂട്ടത്തിൽപ്പെടും.