നിതീഷ് ഇല്ല, ജെഡിയുവിന്‍റെ അപ്രതീക്ഷിത നീക്കം; ‘ഇന്ത്യ’ കൺവീനർ സ്ഥാനത്തേക്ക് പേര് നിർദ്ദേശിച്ചു, ‘ഖർഗെ വരട്ടെ’
ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ കൺവീനർ സ്ഥാനം ആർക്കാകും എന്നത് ഇപ്പോഴും സസ്പെൻസായി തുടരുകയാണ്. 26 പാര്‍ട്ടികളുള്ള ‘ഇന്ത്യ’ സഖ്യം ഇക്കാര്യത്തിൽ ഒരു സമന്വയത്തിലെത്തുക എങ്ങനെയാകും എന്നതാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. പട്നയിലെയും ബെംഗളുരുവിലെയും യോഗത്തിനു പിന്നാലെ മുംബൈയില്‍ അടുത്ത യോഗം ഈ മാസം 31 ന് ചേരാനിരിക്കെ ഇക്കാര്യത്തിൽ ചർച്ചകൾ സജീവമാകുകയാണ്. ഉദ്ദവ് വിഭാഗം ശിവസേന നേതാക്കളടക്കമുള്ളവർ ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ പേരാണ് കൺവീനർ സ്ഥാനത്തേക്ക് പരസ്യമായി നിർദ്ദേശിച്ചിരുന്നു. എന്നാൽ ശിവസേനയടക്കമുള്ളവരുടെ ആവശ്യം നിരാകരിച്ചുകൊണ്ടും കൺവീനർ സ്ഥാനത്തേക്ക് മറ്റൊരു പേര് നിർദ്ദേശിച്ചും ജെ ഡി യു ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’യുടെ കൺവീനർ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ജെ ഡി യു ഇപ്പോൾ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കൺവീനറാകണമെന്ന ആവശ്യവും ജെ ഡി യു മുന്നോട്ട് വച്ചിട്ടുണ്ട്. ഖർഗെയ്ക്ക് ഏറ്റെടുക്കാൻ പറ്റില്ലെങ്കിൽ കോൺഗ്രസിൽ നിന്നുള്ള മറ്റേതെങ്കിലും നേതാവ് കൺവീനർ ആകണമെന്നും ജെ ഡി യു ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൺവീനർ സ്ഥാനത്തേക്ക് നിതീഷ് എത്തില്ലെന്ന് ജെ ഡി യു വ്യക്തമാക്കിയിട്ടുണ്ട്. ഒരു പദവിയും വേണ്ടെന്ന നിലപാടിലാണ് നിതിഷ് കുമാർ. പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുക മാത്രമാണ് തന്റെ ദൗത്യമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. എന്തായാലും വ്യാഴാഴ്ച തുടങ്ങുന്ന ‘ഇന്ത്യ’ മുന്നണിയോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
അതേസമയം മുംബൈ യോഗത്തിൽ ‘ഇന്ത്യ’ മുന്നണിയുടെ സീറ്റ് വിഭജനവും പുതിയ പാർട്ടികളെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും വിശദമായ ചർച്ചകൾ ഉണ്ടാകും. യോഗത്തിൽ നിർണായക പ്രഖ്യാപനം വരുമെന്ന് എം കെ സ്റ്റാലിനും നേരത്തെ പറഞ്ഞിരുന്നു. താനും യോഗത്തിൽ പങ്കെടുക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുസഖ്യം തുടരുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ ഒന്നിച്ച് പരാജയപ്പെടുത്തലാണ് ലക്ഷ്യമെന്നും തമിഴ്നാട് മുഖ്യമന്ത്രി വിവരിച്ചിരുന്നു.