Sunday, April 13, 2025
National

കുട്ടിയോട് ക്രൂരത, നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ; എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് തേടി

ദില്ലി: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഉത്തർപ്രദേശ് സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇതനുസരിച്ച് നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടർ ജനറലിനുമാണ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുള്ളത്.

അധ്യാപികക്കെതിരെ സ്വീകരിച്ച നടപടി, വിഷയത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്‍റെ വിവരങ്ങളും, കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകൽ, കൂടാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച/നിർദ്ദേശിച്ച നടപടികള്‍ അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപിക രംഗത്ത് വന്നിരുന്നു. തെറ്റ് പറ്റി പോയെന്ന് തൃപ്ത ത്യാഗി പറഞ്ഞു.

കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്നും അധ്യാപിക പറഞ്ഞു. അതേസമയം, സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.

മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിളാണ് അടച്ചുപൂ‌ട്ടി‌യത്. സഹാഠികളോട് ഏഴ് വയസുള്ള മുസ്ലീം വിദ്യാർഥിയെ തല്ലാൻ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതോടെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നുള്ള കുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു. അഞ്ചിന്‍റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *