ഡൽഹി മദ്യനയ അഴിമതി കേസ്; ഇഡി ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് സിബിഐ. ഇഡി അസിസ്റ്റന്റ് ഡയറക്ടർ പവൻ ഖത്രി, ക്ലാരിഡ്ജ് ഹോട്ടൽ ശൃംഖല മേധാവി ദീപക് സങ്‌വാൻ എന്നിവർക്കെതിരെയാണ് കേസ്.
പവൻ ഖത്രി അമൻദീപിൽ നിന്നു അഞ്ച് കോടി രൂപ കൈപ്പറ്റിയെന്നു ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇയാൾക്കൊപ്പം ഇഡി ഓഫീസിലെ ക്ലാർക്കും പണം വാങ്ങിയതായി കണ്ടെത്തിയിരുന്നു.
ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, അമൻദീപ് സിങ് ദൾ എന്നിവരുൾപ്പെട്ട കേസാണിത്. അമൻദീപ് ഇയാളുടെ പിതാവ് ബിരേന്ദർ പാൽ സിങ് എന്നിവർ അഞ്ച് കോടി രൂപ ചാർട്ടേഡ് അക്കൗണ്ടന്റായ പ്രവീൺ വാട്സിനു നൽകിയെന്നും ഈ പണം പവൻ ഖത്രിക്കാണ് കൈമാറിയതെന്നുമാണ് ഇഡി കണ്ടെത്തിയത്. ഇഡി കേസിനു പിന്നാലെയാണ് സിബിഐയും ഇപ്പോൾ കേസെടുത്തത്.