Sunday, January 5, 2025
National

ഡൽഹി മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ പിഎ ഇന്ന് ഇഡിക്ക് മുന്നിൽ

ഡൽഹി മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയുടെ പിഎ ദേവേന്ദ്ര ശർമ്മ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജറാകും. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടു ദേവേന്ദ്ര ശർമക്ക് ഇഡി നേരെത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും സമയം നീട്ടി ചോദിക്കുകയായായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ ദേവേന്ദ്ര ശർമയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സിസോദിയയുടെ നിർദ്ദേശം അനുസരിച്ച് താനാണ് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയതെന്ന് ശർമ സിബിഐക്ക് മൊഴി നൽകിയിരുന്നു. കേസിൽ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി കോടതി 5 ദിവസം നീട്ടിയിരുന്നു. സിസോദിയയെ ദേവേന്ദ്ര ശർമ്മക്കും കെ കവിതക്കും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.

ഡൽഹി മദ്യനയ അഴിമതി കേസിൽ കെ. കവിതയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടുള്ള ഇഡിയുടെ നോട്ടീസിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളുമായി ബിആർഎസ്. നിയമവിദഗ്ദ്ധരുമായി കവിത ചർച്ച നടത്തിയിട്ടുണ്ട്. ഹർജി സുപ്രിം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ല എന്നാണ് കവിതയുടെ നിലപാട്. ഹാജരാകാൻ വീണ്ടും ഇഡി നോട്ടീസ് അയച്ചത് തള്ളിയ പശ്ചാത്തലത്തിലാണ് വീണ്ടും നിയമോപദേശം തേടിയത്.

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ഗുരുതരമായ ആരോപണനങ്ങളാണ് ഇഡി ഉന്നയിച്ചത്. ഡൽഹി മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ അഴിമതി ആരംഭിച്ചു. മനീഷ് സിസോദിയയും ബിആർഎസ് നേതാവ് കവിതയും തമ്മിൽ രാഷ്ട്രീയ ധാരണ ഉണ്ടായിരുന്നു എന്ന് കവിതയുടെ മുൻ ഓഡിറ്റർ മൊഴി നൽകിയിട്ടുണ്ട്. സിസോദിയ ഒരു വർഷത്തിനിടെ 14 മൊബൈൽ ഫോണുകൾ ഉപയോഗിച്ചു. മറ്റുള്ളവരുടെ പേരിലുള്ള മൊബൈൽ ഫോണുകളും സിം കാർഡുകളുമാണ് സിസോദിയ ഉപയോഗിച്ചത് എന്നും ഇഡി വാദിച്ചു.

മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡൽഹി എക്‌സൈസ് നയമാണ് വിവാദത്തിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ലെഫ്. ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശചെയ്തു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എക്‌സൈസ് മന്ത്രിയായ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരേയാണ് എഫ്‌ഐആർ തയ്യാറാക്കിയത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദങ്ങൾക്കിടെ മദ്യനയം സർക്കാർ പിൻവലിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *