‘ഇന്ത്യ’ സഖ്യം രാജ്യത്തെ സംരക്ഷിക്കാനല്ല, കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി മാത്രം’; രൂക്ഷ വിമർശനവുമായി അമിത് ഷാ
പ്രതിപക്ഷ കൂട്ടായ്മയെയും തമിഴ്‌നാട് സർക്കാറിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ഐഎൻഡിഐഎ സഖ്യം രാജ്യത്തെ സംരക്ഷിക്കാനല്ല, കുടുംബത്തെ സംരക്ഷിയ്ക്കാൻ വേണ്ടി മാത്രം രൂപീകരിച്ചതെന്ന് അമിത് ഷാ. ബിജെപി തമിഴ് നാട് അധ്യക്ഷൻ നയിക്കുന്ന എൻ മണ്ണ് എൻ മക്കൾ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
എൻ മണ്ണ് എൻ മക്കൾ രാഷ്ട്രീയ യാത്രയല്ല. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും ലോകമെമ്പാടും എത്തിയ്ക്കാനുള്ള യാത്രയാണ്. തമിഴ് നാട്ടിലെ കുടുംബ വാഴ്ച അവസാനിപ്പിച്ച്, അഴിമതിയിൽ രക്ഷപ്പെടുത്തി സാധാരണക്കാരനെ സംരക്ഷിയ്ക്കാനാണ് ഈ യാത്ര. ലോകം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് തമിഴ് നാട്ടിലെത്. ഇവർ വോട്ടുചോദിയ്ക്കുമ്പോൾ ജനങ്ങൾക്ക് അഴിമതി മാത്രമാണ് ഓർമവരിക. മോദി സർക്കാർ സാധാരണക്കാർക്കായി പുതിയ പദ്ധതികൾ നടപ്പാക്കുമ്പോൾ, യുപിഎ ഡിഎംകെ സർക്കാറുകളുടെ കാലത്ത് നടത്തിയത് 12,000 കോടി രൂപയുടെ അഴിമതിയാണ്. അഴിമതി കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയെ ഇപ്പോഴും മന്ത്രിസഭയിൽ തുടരാൻ അനുവദിയ്ക്കുന്നത് എം കെ സ്റ്റാലിന് ഭയമുള്ളതുകൊണ്ടാണ്. രാജി എഴുതിവാങ്ങിയാൽ സെന്തിൽ രഹസ്യങ്ങൾ പുറത്തുപറയുമെന്ന് സ്റ്റാലിൻ ഭയപ്പെടുന്നു. എൻഡിഎയ്ക്ക് എതിരെ രൂപീകരിച്ച പുതിയ പ്രതിപക്ഷ കൂട്ടായ്മ, രാജ്യത്തെ രക്ഷിയ്ക്കാനുള്ളതല്ല. അവരുടെ കുടുംബങ്ങളെ മാത്രം സംരക്ഷിയ്ക്കാൻ ഉള്ളതാണെന്നും അമിത് ഷാ പറഞ്ഞു.
മോദി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ അടങ്ങിയ പുസ്തകവും ചടങ്ങിൽ അമിത് ഷാ പ്രകാശനം ചെയ്തു. 168 ദിവസം നീണ്ടുനിൽകുന്ന എൻ മണ്ണ് എൻ മക്കൾ യാത്ര, ജനുവരി പകുതിയോടെ ചെന്നൈയിൽ സമാപിയ്ക്കും. പദയാത്രയായും റോഡ് ഷോ ആയുമാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, കേന്ദ്ര മന്ത്രി എൽ മുരുകൻ, അണ്ണാ ഡിഎംകെ നേതാക്കളായ ആർ ബി ഉദയകുമാർ, മണികണ്ഠൻ, ടിഎംസി നേതാവ് ജി കെ വാസൻ, വിവിധ ഘടക കക്ഷി നേതാക്കളായ ജോൺ പാണ്ഡ്യൻ, എ സി ഷൺമുഖം എന്നിവരും പങ്കെടുത്തു.