സെന്തിൽ ബാലാജിയുടെ ശസ്ത്രക്രിയ മൂന്ന് ദിവസത്തിനു ശേഷം; അറസ്റ്റിൽ പ്രതിഷേധത്തിന് ഡിഎംകെ സഖ്യം
ഡിഎംകെയുടെ നേതാവും തമിഴ്നാട് മന്ത്രിയുമായ സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങി ഡിഎംകെ സഖ്യം. കോയമ്പത്തൂരിൽ മതനിരപേക്ഷ മുന്നണിയുടെ പ്രതിഷേധം നടക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് മുന്നണിയുടെ പ്രതിഷേധം. ഇതിനിടെ, സെന്തിൽ ബാലാജിയുടെ ബൈപ്പാസ് ശസ്ത്രക്രിയ മൂന്ന് ദിവസത്തിനു ശേഷം നടത്തും. മൂന്നു ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇതിനിടെ, കൈക്കൂലി കേസിൽ ഇഡി അറസ്റ്റു ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിലും ഇഡിയുടെ കസ്റ്റഡി അപേക്ഷയിലും ചെന്നൈ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഇന്നലെയാണ് കേസിൽ വാദം പൂർത്തിയായത്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബൈപാസ് ശസ്ത്രക്രിയയ്ക്കായി സെന്തിൽ ബാലാജിയെ ഇന്നലെ രാത്രി സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, സെന്തിൽ ബാലാജിയുടെ വകുപ്പ് മാറ്റത്തിനായി സർക്കാർ നൽകിയ ശിപാർശ ഗവർണർ ആർ. എൻ. രവി മടക്കി.
യഥാർത്ഥ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ശിപാർശ മടക്കിയത്. ചികിത്സയെന്ന കാരണം അംഗീകരിക്കാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് ഡിഎംകെ ഉന്നയിച്ചത്. ഗവർണർ ബിജെപിയുടെ ഏജന്റെന്ന് മന്ത്രി കെ പൊൻമുടി കുറ്റപ്പെടുത്തി. ഗവർണറുടെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും മന്ത്രിമാരുടെ വകുപ്പുകൾ മാറ്റുന്നത് മുഖ്യമന്ത്രിയുടെ അധികാരത്തിൽപ്പെട്ട കാര്യമാണെന്നും ഡിഎംകെ വ്യക്തമാക്കി.