കരുത്താർജിച്ച് വ്യോമസേന; റഫാൽ വിമാനങ്ങൾ ഇന്നെത്തും, അംബാലയിൽ കനത്ത സുരക്ഷ
ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിച്ച് റഫാൽ വിമാനങ്ങൾ ഇന്നെത്തും. ഫ്രാൻസിൽ നിന്നും 7000 കിലോമീറ്ററുകൾ പിന്നിട്ട് യുദ്ധവിമാനങ്ങൾ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇന്ത്യയിലെത്തുന്നത്.
ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്കാണ് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തുന്നത്. അഞ്ച് വിമാനമങ്ങളാണ് ആദ്യ ബാച്ചിലുണ്ടാകുക. വ്യോമസേനാ മേധാവി ആർ കെ എസ് ബദൗരിയ നേരിട്ടെത്തിയ റഫാലിനെ ഏറ്റുവാങ്ങും.
കനത്ത സുരക്ഷയാണ് അംബാലയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. വ്യോമസേനാ താവളത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ധുൽകോട്ട്, ബൽദേവ് നഗർ, ഗർണാല, പഞ്ചഘോഡ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
അഞ്ച് വിമാനങ്ങളുടെ ബാച്ച് കഴിഞ്ഞ ദിവസം യുഎഇയിൽ എത്തിയിരുന്നു. ഇന്ന് യുഎഇയിൽ നിന്ന് ഇവ പുറപ്പെടും. വിമാനം കൊണ്ടുവരുന്നവരിൽ ഒരു പൈലറ്റ് മലയാളിയാണ്. അതേസമയം ഇവരുടെ പേര് വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടില്ല.