Wednesday, April 9, 2025
National

രാജസ്ഥാന്‍ തര്‍ക്കം പരിഹരിക്കല്‍; ജൂലൈ 3ന് നേതൃയോഗം, പൈലറ്റിന്റെ പദവിയില്‍ അന്തിമ തീരുമാനമാകും

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള സച്ചിന്‍ പൈലറ്റിന്റെ തര്‍ക്കം പരിഹരിക്കാന്‍ അടുത്ത മാസം മൂന്നിന് യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റിന്റെ പദവി സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമാകും.

ഛത്തീസ്ഗഢില്‍ വിമതശബ്ദം ഉയര്‍ത്തിയ ഡി.എസ് ദേവ് സിംഗിനെ ഉപമുഖ്യമന്ത്രിയാക്കി പാര്‍ട്ടിയിലെ കലഹം അവസാനിപ്പിച്ച ഫോര്‍മുല രാജസ്ഥാനിലും നടപ്പാക്കിയേക്കാനാണ് സാധ്യത. ഇതുപ്രകാരം രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനമോ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സ്ഥാനമോ നല്‍കിയേക്കും.

രാജസ്ഥാനില്‍ ദീര്‍ഘകാലമായി നടക്കുന്ന കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഓരോ തെരഞ്ഞെടുപ്പിന് മുന്‍പും സച്ചിന്‍ പൈലറ്റിന് പ്രാധാന്യമുള്ള സ്ഥാനം കൊടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരാറുണ്ടെങ്കിലും ഇതുവരെയും അതൊക്കെ ഊഹാപോഹങ്ങളായി അവസാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ഈ വര്‍ഷം അവസാനം വോട്ടെടുപ്പ് നടക്കും.

ഛത്തീസ്ഗഢ് പോലെയാണെങ്കില്‍ സ്വന്തം സര്‍ക്കാരിനോട് നിരന്തരമായി തുടരുന്ന വിമര്‍ശനങ്ങള്‍ക്കിടെ സച്ചിന്‍ പൈലറ്റിന് തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് പരിഗണന നല്‍കിയേക്കും. ബുധനാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്രയും ഡല്‍ഹിയിലെത്തി പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2020മുതല്‍ ഗെഹ്ലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് തുടങ്ങിയ ശീതയുദ്ധത്തിന് ശേഷം പൈലറ്റിന് ഉചിതമായ സ്ഥാനം നല്‍കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് ഇതുവരെ പാലിച്ചില്ലെന്നാണ് സച്ചിന്‍ പൈലറ്റിന്റെ അനുയായികളുടെ പരാതി. അക്കാലത്തും ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ അശോക് ഗെഹ്ലോട്ടിനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *