Saturday, January 4, 2025
National

ഏക സിവിൽ കോഡ് മതങ്ങളെ ഭിന്നിപ്പിക്കും; മോദിക്ക് ചരിത്രം അറിയില്ല; എം കെ സ്റ്റാലിൻ

ഏക സിവിൽ കോഡ് മതങ്ങളെ ഭിന്നിപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭിന്നിപ്പിച്ച് വിജയം നേടാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാൻ മോദി ശ്രമിക്കുന്നുവെന്ന് സ്റ്റാലിൻ വിമർശിച്ചു. പാട്നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കിയെന്ന് വിമര്‍ശിച്ച സ്റ്റാലിന്‍, മണിപ്പൂർ കത്തുമ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തി.

രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ കുടുംബ പാർട്ടി തന്നെയാണ്. തമിഴ്നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഏക സിവിൽ കോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയിരുന്നു. യൂണിഫോം കോഡ് ആദ്യം ഹിന്ദുക്കൾക്ക് ബാധകമാക്കണമെന്നാണ് വിമർശനം. എല്ലാ ജാതിയിൽപ്പെട്ടവരെയും ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

‘ഏകീകൃത സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി-വർഗ വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പൂജ നടത്താൻ അനുവദിക്കണം’ – ഡിഎംകെയുടെ ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *