കര്‍ണാടകയില്‍ അധികാര കൈമാറ്റമില്ല; അടുത്ത അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന് മന്ത്രി എം.ബി പാട്ടീല്‍
കര്‍ണാടകയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന പരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരണവുമായി മന്ത്രി എംബി പാട്ടീല്‍. മുഖ്യമന്ത്രി പദം അധികാരക്കൈമാറ്റം ചെയ്യില്ലെന്ന പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് താന്‍ പറഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും പാട്ടീല്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മില്‍ അധികാരം പങ്കിടല്‍ ധാരണ നിലവിലില്ല. തര്‍ക്കം പരിഹരിച്ചതിന് ശേഷമാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. അധികാര കൈമാറ്റം ഇനിയില്ല. എം ബി പാട്ടീല്‍ പറഞ്ഞു.
‘സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ അധികാര പങ്കിടല്‍ ഉണ്ടാകില്ല. അത്തരം കരാറുകളെ കുറിച്ച് ഹൈക്കമാന്‍ഡ് ഞങ്ങളെ അറിയിച്ചിട്ടില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് കെസി വേണുഗോപാലും വ്യക്തമാക്കിയ കാര്യമാണ്. പട്ടീല്‍ കൂട്ടിച്ചേര്‍ത്തു. സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി പദം പങ്കുവയ്ക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കൊണ്ടാണ് പട്ടീല്‍ വ്യക്തത വരുത്തിയത്.