ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞു; നാലംഗ സംഘം യുവാവിനെ മർദിച്ചതായി പരാതി
ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ നാലംഗ സംഘം മർദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ താനെയിൽ ഞായറാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 28കാരനെ നാലംഗ സംഘം കല്ലുകൊണ്ട് മർദിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിനു പരുക്കേറ്റു. ഇയാളുടെ പരാതിയിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഞായറാഴ്ച അർദ്ധരാത്രി 1.30ഓടെയായിരുന്നു സംഭവം. കല്യാൺ ഏരിയയിലെ ടിപ്പണ്ണ നഗർ ക്ഷേത്രത്തിൽ ഉത്സവമായിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിനരികെ ചിലർ പടക്കം പൊട്ടിച്ചത്. ഇത് ഉത്സവം കൂടാനെത്തിയ ഭക്തർക്ക് ശല്യമായി. ഇതിനു പിന്നാലെ 28കാരൻ വന്ന് ഇവരോട് പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ സംഘം കോപാകുലരായി യുവാവിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.