ന്യായമായ ശമ്പളം സർക്കാർ ജീവനക്കാർക്ക് നൽകുന്നുണ്ട്, പിന്നെന്തിനാ നക്കാപ്പിച്ച; മന്ത്രി സജി ചെറിയാൻ
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ കൈക്കൂലി കേസുകളെക്കുറിച്ച് പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ന്യായമായ ശമ്പളം സർക്കാർ ജീവനക്കാർക്ക് നൽകുന്നുണ്ട്, പിന്നെന്തിനാ നക്കാപ്പിച്ച വാങ്ങുന്നതെന്ന് മന്ത്രി ചോദിച്ചു. ഇങ്ങനെ വാങ്ങുന്ന പണം ഗുണം ചെയ്യില്ല , അനുഭവിക്കാനാവില്ല. മക്കൾ അനുഭവിക്കേണ്ടിവരുമെന്നും തലമുറ കണ്ണീർ കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വാങ്ങിയവർ ഇതു കേട്ട് തിരികെക്കൊടുക്കാൻ പോകണ്ട. അതിനു പരിഹാരമായി കൂടുതൽ ജോലി ചെയ്ത് മറ്റുള്ളവർക്ക് സേവനം ചെയ്താൽ മതി. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണമേ ഉപകരിക്കൂ. അല്ലാത്തതാന്നും ഗുണം ചെയ്യില്ല. നമ്മുടെ പൂർവികർക്ക് അതായിരുന്നു ശീലം. അവർ ടാറ്റയും ബിർളയും ഒന്നും ആയിരുന്നില്ല. മടിയിൽ കനമില്ലാത്തവന് ഒരു വിജിലൻസിനെയും പേടിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.
കൈക്കൂലിക്ക് പിടിയിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ ദൈവത്തെ പൂജിക്കുന്നതു പോലെ പണം കൂട്ടിവയ്ക്കുന്നു. അയാൾ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നവനായിരുന്നെങ്കിൽ കൊള്ളാമായിരുന്നു, എന്നാൽ അതൊന്നുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.