ചിറകുകൾ തമ്മിൽ തട്ടിയെന്ന് സൂചന; വ്യോമസേന വിമാന അപകടത്തിൽ അന്വേഷണം തുടങ്ങി
ദില്ലി: കഴിഞ്ഞ ദിവസമുണ്ടായ വ്യോമസേന വിമാന അപകടത്തിന്റെ കാരണം വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ തട്ടിയതാണെന്ന് സൂചന. എന്തെങ്കിലും ഒരു വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡുകളുടെ പരിശോധനയിൽ ഇതിൻ്റെ വിശദാംശങ്ങൾ ലഭിക്കും. വ്യോമ സേനയുടെ ടിഎസിഡിഎ കേന്ദ്രത്തിലെ പരിശീലന വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ യുദ്ധതന്ത്ര പരിശീലനത്തിന് എത്തുന്ന കേന്ദ്രമാണിത്.
മധ്യപ്രദേശിലെ മൊറേനയിൽ പരിശീലനത്തിനിടെ വ്യോമസേന വിമാനങ്ങൾ തകർന്നത്. കൂട്ടിയിടിച്ചാണ് അപകടമെന്നാണ് അധികൃതരുടെ നിഗമനം. അപകടത്തിൽ പൈലറ്റ് മരിച്ചു. അപകടത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി. അപകടകാരണം വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണോ എന്നതാണ് പ്രധാനമായി അന്വേഷിക്കുന്നത്. അപകടത്തിൽ രണ്ട് വിമാനങ്ങളും പൂർണ്ണമായി തകർന്നിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് വിമാനങ്ങള്ർ തകര്‍ന്നുവീണത്.
കഴിഞ്ഞ ദിവസം പുലർച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സുഖോയ് വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മോറേനയിൽ വീണ വിമാനത്തിലൊന്ന് പൂർണ്ണമായി കത്തി നശിച്ചെന്നും അധികൃതര്‍ പറഞ്ഞു.