ബീഹാറില്‍ ഒവൈസിയുടെ പാർട്ടിയിലെ എംഎൽഎമാർ ജെഡിയുവിൽ ചേർന്നേക്കുമെന്ന് സൂചന
അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുടെ ബീഹാറിലെ അഞ്ച് എംഎൽഎമാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. എംഎൽഎമാർ ജെഡിയുവിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ഇതോടെ പ്രചരിക്കുകയാണ്
എഐഎംഐഎമ്മിന്റെ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ അക്തറുൽ ഇമാന്റെ നേതൃത്വത്തിലായിരുന്നു എംഎൽഎമാർ നിതീഷിനെ കണ്ടത്. ജെഡിയു നേതാവും മന്ത്രിയുമായ വിജയ് ചൗധരിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ നിതീഷുമായി കൈകോർക്കാൻ ഒവൈസി സന്നദ്ധനാണെന്ന് എഐഎംഐഎം നേതാവ് ആദിൽ ഹസൻ പിന്നീസ് പ്രതികരിച്ചു.
ബി എസ് പിയുടെ എംഎൽഎ ജമാ ഖാനും സ്വതന്ത്ര എംഎൽഎ സുമിത് സിംഗും കഴിഞ്ഞ ദിവസം ജെ ഡി യുവിൽ ചേർന്നിരുന്നു. എൽ ജെ പി എംഎൽഎ രാജ്കുമാറും നിതീഷുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ പാർട്ടിയുടെ എംഎൽഎമാരും നിതീഷിനെ കണ്ടത്.