കർഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ റദ്ദാക്കി
കാർഷിക ബില്ലുകൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ പഞ്ചാബിലേക്കുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. ട്രെയിൻ തടയൽ സമയം ദിവസങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ നടപടി. 28 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്.
സെപ്റ്റംബർ 29 വരെ ട്രെയിൻ തടയൽ സമരം തുടരുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കോൺഗ്രസ് തെറ്റദ്ധരിപ്പിച്ചതു കൊണ്ടാണ് കർഷകർ സമരം ചെയ്യുന്നതെന്ന പ്രധാനമന്ത്രി മോദിയുടെ വാദം തെറ്റാണെന്ന് കാർഷക സംഘടനാ നേതാക്കൾ പറഞ്ഞു. ഇത് വ്യക്തമാക്കുന്നതിനായി കാർഷിക ബില്ലുകൾ പഞ്ചാബിയിലേക്ക് തർജമ ചെയ്ത് കർഷകർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് സമരം ഏറ്റവും രൂക്ഷമായി ബാധിച്ചത്. തിങ്കളാഴ്ച കോൺഗ്രസ് രാജ്ഭവൻ മാർച്ചുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 2ന് കർഷക രക്ഷാദിനമായും ആചരിക്കും.