Sunday, January 5, 2025
National

ദേശീയ വിദ്യാഭ്യാസ നയം; രാജ്യത്തെ വിദ്യാഭ്യാസ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അഭിസംബോധന ചെയ്യും

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്യും. വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലയിലെ നയ നിര്‍മാതാക്കള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ എന്നിവരോടാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുക. ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ഒരു വര്‍ഷത്തെ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം പ്രവേശന, എക്‌സിറ്റ് ഓപ്ഷനുകള്‍ നല്‍കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രാദേശിക ഭാഷകളിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളും ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുന്നതാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്.

നാഷണല്‍ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആര്‍ക്കിടെക്ചര്‍ (എന്‍ഡിഇആര്‍), നാഷണല്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജി ഫോറം (നെറ്റ്എഫ്) എന്നിവയുടെ സമാരംഭത്തിനും ഈ പരിപാടി സാക്ഷ്യം വഹിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന കാര്യക്രമങ്ങളാണ് ഈ സംരംഭങ്ങള്‍.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ വിദ്യാഭ്യാസ നയമാണ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്. നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലാണ് വിദ്യാഭ്യാസ നയം രൂപകല്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *