കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്‌സഭയിൽ തിങ്കളാഴ്ച അവതരിപ്പിക്കും. ബിൽ അവതരണത്തിന് മുന്നോടിയായി ബിജെപിയും കോൺഗ്രസും തങ്ങളുടെ അംഗങ്ങൾക്ക് സഭയിലെത്താൻ വിപ്പ് നൽകിയിട്ടുണ്ട്. നിയമങ്ങൾ പിൻവലിച്ച ശേഷം ഇക്കാര്യം സുപ്രീം കോടതിയെ കേന്ദ്രസർക്കാർ അറിയിക്കും.
കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ബിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചർച്ച ചെയ്ത് പാസാക്കും. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദേശിച്ചാണ് കോൺഗ്രസും ബിജെപിയും അംഗങ്ങൾക്ക് വിപ്പ് നൽകിയത്.
ബില്ലിനെ എതിർക്കേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ചർച്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും. അതേസമയം താങ്ങുവിലക്ക് നിയമസംരക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും.