സ്വാശ്രയ മെഡിക്കൽ ഫീസ്: ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ
സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകി. ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്നും അക്കാര്യം വിദ്യാർത്ഥികളെ അറിയിക്കാനും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്
സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിൽ വന്ന സംസ്ഥാന ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാർഥികളിൽ നിന്ന് ഈടാക്കേണ്ടതെന്ന് ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഫീസ് നിർണയ സമിതിയുടെ അധ്യക്ഷൻ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയാണ്. സമിതിയെ സംബന്ധിച്ച ഇടക്കാല ഉത്തരവിലെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
ഹൈക്കോടതിയുടെ ഇടക്കാല വിധി സ്‌റ്റേ ചെയ്യണമെന്നാണ് സർക്കാരിന്റെ ആവശ്യം. കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ നൽകേണ്ടി വരുമെന്ന് വിദ്യാർഥികളെ അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 10 കോളജുകൾ ആവശ്യപ്പെട്ട ഉയർന്ന ഫീസ് ഘടന അറിയിച്ചു കൊണ്ട് വിജ്ഞാപനമിറക്കി. ഇതിൽ ചില കോളജുകൾ ആവശ്യപ്പെടുന്നത് 22 ലക്ഷം രൂപ വാർഷിക ഫീസ് വരെയാണെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാണിക്കുന്നു