Wednesday, January 8, 2025
National

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ട്രെയിനിന്റെ ഗ്ലാസ് തകര്‍ന്നു

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ഭോപ്പാലില്‍ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്‍റെ ഗ്ലാസ് തകര്‍ന്നു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് സംഭവം.

കല്ലേറിൽ സി 7 കോച്ചിന്‍റെ ചില്ലുകൾ തകർന്നു. യാത്രക്കാര്‍ക്ക് പരുക്കില്ല. 13-17 സീറ്റുകള്‍ക്കിടയിലെ ഗ്ലാസിനും കല്ലേറില്‍ ചെറിയ തകാരാറുകൾ സംഭവിച്ചു. അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വിശദമാക്കി.

അതേസമയം ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത്. നേരത്തെ വന്ദേഭാരത് കാലികളെ ഇടിച്ച നിരവധി സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിനും ജൂണ്‍ മാസത്തിനുമിടയില്‍ 68ഓളം സംഭവങ്ങളാണ് വന്ദേ ഭാരത് കാലികളെ ഇടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ട്രെയിനിന് നേരെ കല്ലേറുണ്ടായ നിരവധി സംഭവങ്ങളും മുൻപും ഉണ്ടായിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് ഭോപ്പാല്‍ ദില്ലി വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധയുണ്ടായത്. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്. 22ഓളം യാത്രക്കാരായിരുന്നു ഈ കോച്ചിലുണ്ടായിരുന്നത്. ഇവരെ പെട്ടന്ന് തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *