‘മോദിയുടെ പ്രത്യയശാസ്ത്രം മണിപ്പൂരിനെ ചുട്ടെരിക്കും’; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. വർഗീയ കലാപത്തിൽ പൊറുതി മുട്ടുന്ന മണിപ്പൂരിലെ ജനങ്ങൾക്ക് വേണ്ടി മോദി എന്തുചെയ്തു? രാജ്യത്തെ ഒരു സംസ്ഥാനം കത്തുമ്പോൾ പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു. മണിപ്പൂരിനെ ചുട്ടെരിക്കുന്നത് മോദിയുടെ പ്രത്യയശാസ്ത്രമാണെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ സ്മൃതി ഇറാനി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. രണ്ടര മാസത്തിലേറെയായി മണിപ്പൂരിൽ തുടരുന്ന കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുചെയ്തുവെന്ന് പറയണം? ഒരു സംസ്ഥാനം കത്തുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്? മണിപ്പൂരുമായി പ്രധാനമന്ത്രിക്ക് ഒരു ബന്ധവുമില്ല. ബിജെപി, ആർഎസ്എസ് പ്രത്യയശാസ്ത്രങ്ങൾ മൂലമാണ് മണിപ്പൂർ കത്തുന്നതെന്ന് മോദിക്കറിയാം. സമൂഹത്തിലെ അസമത്വങ്ങൾ നീക്കി ഭരണഘടന സംരക്ഷിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ആശയമെന്നും രാഹുൽ പറഞ്ഞു.
‘അധികാരം ചുരുക്കം ചിലരുടെ കൈയിലായിരിക്കണം എന്നതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും സിദ്ധാന്തം. പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടപ്പോൾ തന്നെ പ്രധാനമന്ത്രി വിമർശനം തുടങ്ങി. ആ പേര് നമ്മുടെ ഹൃദയത്തിൽ നിന്നാണ് വരുന്നത്. അധികാരത്തിനായി ബിജെപി എന്തും ചെയ്യും. അതിനായി മണിപ്പൂരിനെ മാത്രമല്ല രാജ്യത്തെ തന്നെ കത്തിക്കും. ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നിടത്തെല്ലാം കോൺഗ്രസ് സ്നേഹത്തിന്റെ കട തുറക്കും’ – സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ശബ്ദമുയര്‍ത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഇറാനി കുറ്റപ്പെടുത്തിയിരുന്നു. മണിപ്പൂര്‍ വിഷയം ആളിക്കത്തിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും അവര്‍ ആരോപിച്ചു. ‘കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് പറയാന്‍ നിങ്ങള്‍ എപ്പോഴാണ് ധൈര്യപ്പെടുക, രാഹുല്‍ ഗാന്ധി എങ്ങനെയാണ് മണിപ്പൂര്‍ വിഷയം ആളിക്കത്തിച്ചതെന്ന് പറയാന്‍ നിങ്ങള്‍ക്ക് എപ്പോഴാണ് ധൈര്യമുണ്ടാകുക?’ എന്നും ഇറാനി ചോദിച്ചു.