Thursday, April 10, 2025
National

പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി; നിര്‍മല സീതാരാമനെ ഇറക്കി കേരള തലസ്ഥാനം പിടിക്കാൻ ആലോചന

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ ഇറക്കി തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാന്‍ ബിജെപി നീക്കം. മണ്ഡലത്തില്‍ ദേശീയ അധ്യക്ഷനെ നേരിട്ടെത്തിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി കളമൊരുക്കി. സംസ്ഥാനത്ത് എന്‍ഡിഎ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.

വന്ദേഭാരതിന്‍റെ ഉദ്ഘാടനവമുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ, രണ്ടാം മണ്ഡലമായി തിരുവനന്തപുരം തിരഞ്ഞെടുക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. സാധ്യതകള്‍ മങ്ങിയതോടെ മോദിയില്ലെങ്കില്‍ തലയെടുപ്പുള്ള മറ്റൊരു ദേശീയ നേതാവ് വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ എത്തിനില്‍ക്കുന്നത് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനിലാണ്.

ഓഖി കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ പ്രതിഷേധം നേരിടേണ്ടിവന്ന വിഴിഞ്ഞത്ത്, തീരജനതയെ സമാശ്വസിപ്പിച്ച നിര്‍മലാ സീതാരാമനിലാണ് ബിജെപിയുടെ പ്രതീക്ഷ. മധുരൈ സ്വദേശിയായ മന്ത്രി തിരുവനന്തപുരത്തിന് അന്യയായി തോന്നില്ലെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. മണ്ഡലമുടനീളം ബിജെപി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ദേശീയ അധ്യക്ഷന്‍ നേരിട്ടെത്തി രാഷ്ട്രീയ സാഹചര്യം വിലയിരുത്തി.

ഒരു ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം ശശി തരൂര്‍ നേടിയെങ്കിലും ശക്തമായ ത്രികോണ മത്സരത്തിലും മൂന്ന് ലക്ഷത്തി പതിനാറായിരത്തിലധികം വോട്ടുകള്‍ എന്‍ഡിഎ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയിരുന്നു. തൊട്ടുമുന്നിലെ തെരഞ്ഞെടുപ്പിലെ ശശി തരൂരിന്‍റെ ഭൂരിപക്ഷം പതിനയ്യായിരം മാത്രമായിരുന്നു. കേരളത്തില്‍ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. അതില്‍ ഏറ്റവും മുന്നിൽ തിരുവനന്തപുരം മണ്ഡലമാണ്. തിരുവനന്തപുരത്ത് ദേശീയ നേതാവ് ഇറങ്ങിയാൽ തലസ്ഥാനത്തിന് പുറത്തടക്കം നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *