‘മിഷൻ ഹരിയാന’; സംസ്ഥാന ഭരണം പിടിക്കാൻ ഒരുക്കങ്ങളുമായി എഎപി
ഡൽഹിക്കും പഞ്ചാബിനും ശേഷം ഹരിയാനയിൽ ഭരണം പിടിക്കാൻ ആം ആദ്മി പാർട്ടി നീക്കങ്ങൾ ആരംഭിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ആം ആദ്മി പാർട്ടിയുടെ ഹരിയാന ഘടകത്തിൽ വൻ അഴിച്ചുപണി. സംസ്ഥാന അധ്യക്ഷനായി രാജ്യസഭാ എംപി സുശീൽ ഗുപ്തയെ നിയമിച്ചു. കോണ്ഗ്രസ് വിട്ടു വന്ന അശോക് തൻവർ ആണ് പ്രചാരണ സമിതി അധ്യക്ഷൻ.
അയൽ സംസ്ഥാനങ്ങളായ ഡൽഹിയിലും പഞ്ചാബിലും ഭരണത്തിൽ ഇരിക്കുന്ന ആം ആദ്മി പാർട്ടിക്ക് ഹരിയാന തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. ഹരിയാനയിൽ കടുത്ത ഭരണവിരുദ്ധ വികാരം കണക്കാക്കി, നിയമസഭാ നേരത്തെ പിരിച്ചുവിട്ടു, ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനകളുമായി ബിജെപി മുന്നോട്ടു പോകുന്നതിനിടെയാണ് ആം ആദ്മി പാർട്ടിയും ഒരുക്കങ്ങൾ ആരംഭിച്ചത്.
പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ വൻ അഴിച്ചുപണി നടപ്പാക്കി. സംസ്ഥാന അധ്യക്ഷനായി രാജ്യസഭാ എംപി സുശീൽ ഗുപ്തയെ നിയമിച്ചു. ഹരിയാന പിസിസി മുൻ അധ്യക്ഷൻ അശോക് തൻവാറിനെയാണ് പ്രചാരണ സമിതി അധ്യക്ഷനായി ആം ആദ്മി പാർട്ടി നിയോഗിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന അശോക് തൻവർ, ബുപിന്ദർ സിങ് ഹൂഡയുമായുള്ള ഭിന്നതയെതുടർന്നാണ് പാർട്ടി വിട്ടത്. ഹരിയാന നേതാവ് ചൗധരി നിർമൽ സിംഗിനെ പാർട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.
അനുരാഗ് ദണ്ഡയെ സീനിയർ വൈസ് പ്രസിഡന്റായും ബൽബീർ സിംഗ് സൈനി, ബന്ത സിംഗ് വാൽമീകി, ചിത്ര സർവാര എന്നിവരെ വൈസ് പ്രസിഡന്റമാരായും നിയമിച്ചു. കർഷക പ്രക്ഷോഭം , ഗുസ്തി തരങ്ങളുടെ സമരം എന്നിവ ഹരിയാനയിൽ ബിജെപി ക്കെതിരെ പ്രധാന പ്രചരണവിഷയം ആക്കാമെന്നാണ് ആം ആദ്മി കണക്കു കൂട്ടുന്നത്. ഹരിയാനയിൽ ഇത്തവണ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും പാർട്ടി 15 ഓളം സീറ്റിലേക്ക് ചുരുങ്ങും എന്നുമാണ് ബിജെപിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കോണ്ഗ്രസ് വലിയ പ്രതീക്ഷ പുലർത്തുന്നതിനിടെയാണ്, കടുത്ത മത്സരമൊരുക്കാൻ ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നത്.