സ്വര്‍ണ ചെങ്കോല്‍ ഏറ്റുവാങ്ങി പ്രധാനമന്ത്രി; നാളെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കും
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അധികാരത്തിന്റെ പ്രതീകമായ സ്വര്‍ണ ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്നുള്ള സന്യാസിമാരുടെ സംഘമാണ് ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറിയത്. കൈമാറിയ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കും. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളെ ആധുനികതയുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ചെങ്കോല്‍ പുനസ്ഥാപനമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ സ്പീക്കറുടെ ചേംബറിലാണ് സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കുക. 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയാണ് തമിഴ്‌നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതര്‍ ചെങ്കോല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന് കൈമാറിയത്. ഇത് വീണ്ടും പുനഃസൃഷ്ടിക്കുകയാണ് നാളെ നടക്കുന്ന ചടങ്ങിലൂടെ ചെയ്യുന്നത്.
നാളെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത്.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമേ എല്ലാ രാഷ്ട്രപാര്‍ട്ടികളെയും പ്രമുഖ വ്യക്തികളെയും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്. എംപിമാര്‍ക്കും വി.ഐ.പികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഉണ്ടാകുക. അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല.