Sunday, January 5, 2025
National

പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമെന്ന് അമിത് ഷാ; ഉദ്ഘാടനം 28ന് പ്രധാനമന്ത്രി നിര്‍വഹിക്കും

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മന്ദിരമെന്ന് അമിത് ഷാ പറഞ്ഞു. ഈ മാസം 18ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ജനാധിപത്യത്തിന്റെ ചരിത്രപരമായ നേട്ടമാണെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഇന്ത്യ റിപ്പബ്ലിക്ക് ആയ പ്രയാണത്തിന് തുടക്കമായ അധികാര ദണ്ഡ് സെന്‍ഗാള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമേ എല്ലാ രാഷ്ട്രപാര്‍ട്ടികളെയും പ്രമുഖ വ്യക്തികളെയും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിയ്ക്കും. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്. എംപിമാര്‍ക്കും വി.ഐ.പികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഉണ്ടാകുക.

അതേസമയം ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിയ്ക്കുന്നതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കും എന്ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി അറിയിച്ചു.ഉദ്ഘാടകനായി പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *