സിപിഐഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെയാണ് പ്രതിഷേധം; സീതാറാം യെച്ചൂരി
കേന്ദ്ര സർക്കാരിന് വിമർശനങ്ങളോടുള്ള അസഹിഷ്ണുതയുടെ തെളിവാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടിയെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെയാണ് തങ്ങൾ സംസാരിക്കുന്നത്. സർക്കാരിന് പല വിഷയങ്ങളിലും പലതും ഒളിക്കാനുണ്ട്. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, ഭരണ പക്ഷം തന്നെ പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഏപ്രിൽ 27, 28, 29 തീയതികളിൽ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ചേരും. പോളിറ്റ് ബ്യുറോ അംഗം വിവി രാഘവലുവിന്റെ രാജി വിഷയം പരിഹരിച്ചിട്ടുണ്ട്. കേരളത്തിൽ ബിജെപിയോടൊപ്പം ചേർന്ന് സിപിഐഎമ്മിനെ കോൺഗ്രസ് അപകീർത്തിപ്പെടുത്തുകയാണ്. സിപിഐഎം ആന്ധ്ര ഘടകത്തിൽ സംഘടനാ പ്രശ്നങ്ങളുണ്ടെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നു സമ്മതിച്ചു.
വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിട്ടുണ്ട്.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പിബി നിർദ്ദേശങ്ങൾ നടപ്പാക്കും. ബി വി രാഘവലു പോളിറ്റ് ബ്യുറോയിൽ തുടരും. അയോഗ്യനാക്കിയ വിഷയത്തിൽ സിപിഐഎമ്മിന്റെ പിന്തുണ രാഹുലിനല്ല, മറിച്ച് വിഷയത്തിനാണെന്ന് സീതറാം യെച്ചൂരി വിശദീകരിച്ചു. കേരളത്തിൽ ബിജെപിയും യുഡിഎഫും ചേർന്ന് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുകയാണ്. കേരള ജനത ഇതിന് ശക്തമായ മറുപടി നൽകുമെന്നും പിബി പ്രസ്താവനയിൽ അറിയിച്ചു.
മമതയുടെ മുന്നണി നീക്കങ്ങളോടും ചെയ്യൂരി പ്രതികരിച്ചു. രാജ്യത്ത് വിശാല സഖ്യം സാധ്യമല്ലെന്നും, സഖ്യങ്ങൾ സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസരിച്ച് ആകുമെന്നും കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാകും മത്സരമെന്നും യെച്ചൂരി പറഞ്ഞു.