Sunday, April 13, 2025
National

കറുത്ത വസ്ത്രമണിഞ്ഞ് എംപിമാര്‍ പാര്‍ലമെന്റില്‍; രാഹുല്‍ വിഷയത്തില്‍ ഇന്നും പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ കടുത്ത പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. ഇന്ന് പാര്‍ലമെന്‍രില്‍ കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പാര്‍ലമെന്റിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭാ സ്പീക്കറുടെ ചെയറിന് നേരെ പ്രതിപക്ഷ എംപിമാര്‍ കടലാസുകള്‍ കീറിയെറിഞ്ഞു.

ലോക്‌സഭ ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നാല് മണി വരെ പിരിഞ്ഞു. രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് മണി വരെ പിരിഞ്ഞു. സഭയിലെ പ്രതിഷേധത്തിന് ഷേഷം പ്രതിപക്ഷ എംപിമാര്‍ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അദാനി വിഷയം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നാണ് (ജെപിസി)കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ രാജ്യ വ്യാപകമായി പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് നീക്കം.

അദാനി വിഷയത്തില്‍ എന്തിനാണ് നരേന്ദ്രമോദി ജെപിസിയെ ഭയപ്പെടുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. വിജയ് ചൗക്കില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് ഉത്തരമില്ലെന്ന് വിമര്‍ശിച്ചു. ബിജെപിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്, പിന്നെ എന്തിനാണ് ഭയപ്പെടുന്നത്. എന്തോ കുഴപ്പമുണ്ടെന്നാണ് ഇതിനര്‍ത്ഥമെന്നും ഖാര്‍ഗെ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതും അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളും ഉള്‍പ്പെടെ വിഷയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചത്. രാജ്യസഭയില്‍ എംപിമാര്‍ നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ‘മോദി -അദാനി ഭായ്, ഭായ്’ മുദ്രാവാക്യവും വിളിച്ചു. ദ്രാവിഡ മുന്നേറ്റ കഴകം, എന്‍സിപി, ബിആര്‍എസ്, സിപിഎം എന്നീ പ്രതിപക്ഷ പാര്‍ട്ടികളും രാഹുലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് കറുത്ത വസ്ത്രം ധരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാന്‍ഡ് ഉപയോഗിച്ച് വാ മൂടിയായിരുന്നു പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *