അയോഗ്യതാ ഭീഷണിയ്ക്കിടെ രാഹുല്‍ സഭയില്‍; പാര്‍ലമെന്റില്‍ ബഹളം; രാജ്യസഭ 2.30 വരെ നിര്‍ത്തിവച്ചു
കോടതി വിധിയോടെ ഉയര്‍ന്ന അയോഗ്യതാ ഭീഷണിക്കിടെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തിയതിനെത്തുടര്‍ന്ന് സഭയില്‍ ബഹളം. ഭരണ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ പല തവണ തടസപ്പെട്ടു. രാജ്യസഭ 2.30വരെ നിര്‍ത്തിവച്ചു.
ഇന്ന് ലോക്‌സഭയില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്ന അവസ്ഥയുണ്ടായി. മോദി- അദാനി ഭായ് ഭായ് എന്ന മുദ്രാവാക്യങ്ങളും വിളിച്ചാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുന്നത്.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തില്‍ ലോക്‌സഭാ സ്പീക്കര്‍ നിയമോപദേശം തേടിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കോടതി വിധിയില്‍ പ്രതിഷേധിച്ച് വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തി. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ വിജയ് ചൗക്കില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പ്രതിപക്ഷ ബഹളത്തിനിടെ ദേശീയ പെന്‍ഷന്‍ സ്‌കീമുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ ഫിനാന്‍സ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആലോചിക്കുന്നതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.