ബി.എസ് യെദ്യൂരപ്പയുടെ വസതിക്കും ഓഫീസിനും നേരെ ആക്രമണം
കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വീടിനും ഓഫീസിനും നേരെ കല്ലേറ്. പട്ടികജാതി സംവരണത്തിനെതിരെ ശിവമോഗ ജില്ലയിൽ ബഞ്ചാര, ഭോവി വിഭാഗക്കാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റതിനെ തുടർന്ന് ശിക്കാരിപുര ടൗണിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി.
യെദ്യൂരപ്പയുടെ ശിവമോഗയിലെ വീടിനു മുന്നില്‍ ആയിരത്തിലേറെ പേര്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ യെദ്യൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും കോലം കത്തിച്ചു. സ്ത്രീകളുൾപ്പെടെയുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ലമാനി അല്ലെങ്കിൽ ലംബാനി എന്നും അറിയപ്പെടുന്ന ബഞ്ചാര സമുദായത്തിലെ ചിലർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പട്ടിക ജാതി വിഭാഗത്തിലെ ഉപജാതി വിഭാഗങ്ങള്‍ക്ക് ആനുപാതികമായി സംവരണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ജസ്റ്റിസ് എ.ജെ സദാശിവ കമ്മീഷന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബഞ്ചാര സമുദായം പ്രതിഷധം നടത്തുന്നത്. സംസ്ഥാനത്തെ പട്ടികജാതി സംവരണത്തിന്റെ ഗണ്യമായ ഗുണഭോക്താക്കളാണ് ബഞ്ചാര സമുദായം.