Sunday, April 13, 2025
National

ഡല്‍ഹി മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയ അടക്കം 15 പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ്

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി സിബിഐ. എഫ്‌ഐആറില്‍ പേരുള്ള 15 പേര്‍ക്കെതിരെയാണ് സിബിഐയുടെ നോട്ടിസ്. പ്രതികള്‍ രാജ്യം വിടാതിരിക്കാനാണ് സിബിഐ നടപടി. മനീഷ് സിസോദിയയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

വിവാദങ്ങള്‍ക്കിടെ അരവിന്ദ് കേജ്രിവാളും മനീഷ് സിസോദിയയും പ്രചരണത്തിനായി നാളെ ഗുജറാത്തില്‍ എത്താനിരിക്കെയാണ് ലുക്കൗട്ട് നോട്ടിസ് കൂടി ഇറക്കിയിരിക്കുന്നത്. സിസോദിയയുടെ കൂട്ടാളിയെയും സിബിഐ കേസില്‍ ചോദ്യം ചെയ്തിരുന്നു. സിസോദിയക്കൊപ്പം പ്രതിപട്ടികയില്‍ ചേര്‍ത്ത എല്ലാവര്‍ക്കും സിബിഐ സമന്‍സ് അയച്ചിട്ടുണ്ട്.

ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബ് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെയും ആരോപണമുയരുകയാണ്. പഞ്ചാബ് മദ്യ നയവും സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്സും, ശിരോമണി അകാലി ദള്ളും ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതി സംബന്ധിച്ചുള്ള സിബിഐ അന്വേഷണം പഞ്ചാബ് സര്‍ക്കാരിനെയും പ്രതിസന്ധിയില്‍ ആക്കുകയാണ്.

പഞ്ചാബ് മദ്യ നയവും രൂപീകരിച്ചത് മനീഷ് സിസോദിയുടെ നിര്‍ദ്ദേശം അനുസരിച്ച് ആണെന്നും, ഇക്കാര്യവും സി ബി ഐ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ്സും, ശിരോമണി അക്കാലി ദള്ളും ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജുവ അറിയിച്ചു. കേസ് രാഷ്ട്രീയ പകപോക്കല്‍ എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *