ഡെൻ്റൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രത്യേക കൗൺസിലിംഗ് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ദില്ലി: കേരളത്തിലെ ഡെന്റൽ കോളേജുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രത്യേക കൗൺസിലിംഗ് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേരളത്തിലെ സ്വകാര്യ ഡെൻ്റൽ മെഡിക്കൽ കോളേജുകളാണ് ഈക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിച്ചത്. നീറ്റ് സ്കോർ ഉണ്ടായിട്ടും കൗൺസിലിംഗിന് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്നാണ് ആവശ്യം. കേരളത്തിൽ കൗൺസിലിംഗ് കഴിഞ്ഞിട്ടും അഞ്ഞൂറ് സീറ്റുകളോളം ഒഴിഞ്ഞു കിടക്കുകയാണ് ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ തേടിയത്. നേരത്തെ നീറ്റ് പരീക്ഷയുടെ ഫലം വന്നതിന് തൊട്ട് അടുത്ത തീയ്യതിയായിരുന്നു കേരളത്തിൽ കൗൺസിലിംഗിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾ പലർക്കും അപേക്ഷ പൂർണ്ണമായി സമർപ്പിക്കാനായില്ലെന്നും ഹർജിയിൽ പറയുന്നു. എന്നാൽ നേരത്തെ ഹൈക്കോടതി പ്രവേശനനടപടികളുടെ അപേക്ഷ പൂർത്തിയായതിനാൽ ഈ ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജുകൾക്കായി അഭിഭാഷകൻ സുൽഫിക്കർ അലിയാണ് ഹർജി ഫയൽ ചെയ്തത്