ഫുൾ ഓഫ് ഫൺ’: ഉത്തർപ്രദേശിലെ എടിഎമ്മിൽ കള്ളനോട്ട്
യുപി അമേഠിയിലെ ഒരു എ.ടി.എമ്മിൽ നിന്നും കള്ളനോട്ട് ലഭിച്ചു. 200 ന്റെ രണ്ട് വ്യാജ നോട്ടുകളാണ് ലഭിച്ചത്. നോട്ടിൽ ‘ഫുൾ ഓഫ് ഫൺ’ എന്ന് എഴുതിയിരുന്നു. യുവാവിൻ്റെ പരാതിയിൽ കോട്വാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രോഷാകുലരായ ജനങ്ങൾ ബാങ്കിനെതിരെ നടപടി ആവശ്യപ്പെട്ടു.
അമേഠി ടൗണിലെ മുൻഷിഗഞ്ച് റോഡ് സബ്ജി മാണ്ഡിക്ക് സമീപമുള്ള ഇന്ത്യ വൺ എടിഎമ്മിലാണ് സംഭവം. ദീപാവലി ദിനത്തിൽ പണം പിൻവലിക്കാനെത്തിയ യുവാവിന് ആദ്യം വ്യാജ നോട്ടുൾ ലഭിച്ചു. പിൻവലിച്ച 200ന്റെ നോട്ടുകളിൽ ഫുൾ ഓഫ് ഫൺ എന്ന് എഴുതിയിരിക്കുന്നത് കണ്ടതോടെയാണ് സംഭവം അറിയുന്നത്. പിന്നാലെ കൂടുതൽ പേർക്കും സമാന അനുഭവം നേരിട്ടു.
എടിഎമ്മിൽ കാവൽക്കാരാരും ഉണ്ടായിരുന്നില്ല. നാട്ടുകാർ കള്ളനോട്ട് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. ദീപവലി ദിനമായതിനാൽ നിരവധി പേർ ഇവിടെ നിന്നും പണം പിൻവലിച്ചിരുന്നു. വീഡിയോ കണ്ട് കൂടുതൽ പേർ തങ്ങൾക്കും കള്ളനോട്ട് ലഭിച്ചെന്നാരോപിച്ച് രംഗത്തുവന്നു. ഇതോടെ എടിഎമ്മിന് മുന്നിൽ ജനം തടിച്ചുകൂടി.